ചെറുതായി പോസിറ്റീവായൊരു കാര്യം പറയാനുണ്ട്.

പത്ത് ദിവസത്തോളം കോവിഡ് ഡ്യൂട്ടി ഉണ്ടായിരുന്നു. പല പല വാർഡിലായി അഡ്മിറ്റായ രോഗികളിൽ മാനസിക സമ്മർദ്ദം നേരിടുന്നവരെ കണ്ടെത്തുകയും അവരെ സഹായിക്കുകയുമൊക്കെയാണ് ജോലി. ഇടക്ക് വച്ച് ഒപ്പമുള്ളാരു ഡോക്ടർ പോസിറ്റീവായപ്പോൾ ഞാനും പോയി സ്വാബെടുത്തു. നെഗറ്റീവാകും എന്നേതാണ്ട് ഉറപ്പിച്ചതാണ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ടും ലോ റിസ്ക് എക്സ്പോഷർ ആയത് കൊണ്ടും പ്രോട്ടോകോൾ പ്രകാരം ഡ്യൂട്ടി തുടരണമെന്നാണ്.

സംഭവങ്ങളൊക്കെ U ടേൺ എടുക്കുന്നത് രണ്ട് ദിവസം കഴിഞ്ഞ് കോവിഡ് സെല്ലിൽ നിന്ന് കമ്യൂണിറ്റി മെഡിസിനിലെ ഒരു ഡോക്ടറുടെ ഫോൺ വരുമ്പോഴാണ്.

"PPE ഒക്കെ കൃത്യമായി ഉപയോഗിച്ചിരുന്നില്ലേ?"

"ഉവ്വല്ലോ. എന്തേ?"

"ഇയാൾടെ സ്വാബ് പോസിറ്റീവ് ആണ്"

ആദ്യം തിരിച്ച് ചോദിച്ചത് നിങ്ങൾക്ക് ആളുമാറി പോയോ എന്നാണ്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്ന താണ്. എന്നിട്ടും ...

സൈക്യാട്രിക്കാരിങ്ങനെ പേടിച്ചാൽ ബാക്കിയുള്ളവർ എന്ത് ചെയ്യുമെന്ന് മൂപ്പര് തിരിച്ച് ചോദിച്ചപ്പോ ബോധം വന്നു.

സീനിയർ പിജിയെ വിളിച്ച് കാര്യം പറഞ്ഞത് മാത്രം ഓർമ്മയുണ്ട്. പിന്നെ രണ്ട് മണിക്കൂറിനുള്ളിൽ ആരൊക്കെയോ ഫോൺ വിളിച്ചു. ധൈര്യമായിരിക്കാൻ പറഞ്ഞു. ആകെ പേടി തോന്നിയത് ഒപ്പം ജോലി ചെയ്തിരുന്നവർക്ക് പകർന്നിട്ടുണ്ടാവുമോ എന്നാണ്. (എല്ലാരും നെഗറ്റീവായെന്ന് പിന്നീടറിഞ്ഞു. ) എന്തായാലും രാവിലെ ഡ്യൂട്ടിക്ക് വന്ന അതേ വാർഡിൽ ഉച്ചയായപ്പോഴേക്കും അഡ്മിറ്റായി.

പലകാര്യങ്ങളിലും ഞാൻ അങ്ങേയറ്റം ഫോർച്ചുനേറ്റ് ആയിരുന്നു. വൈറൽ ലോഡ് കുറവായതോണ്ടാവണം കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ഡിപാർട്ട്മെന്റ് മുഴുവൻ കട്ടക്ക് കൂടെ നിന്നിട്ടുമുണ്ട്.

രോഗം സ്ഥിരീകരിച്ചപ്പോൾ വീട്ടിൽ സംസാരിച്ച് സീൻ കൂൾ ആക്കിയത് മുതൽ എന്നും രാവിലെ വിളിച്ചന്വേഷിക്കാൻ വരെ അധ്യാപകർ ഒപ്പം നിന്നിട്ടുണ്ട്. വാർഡിലെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും മുടങ്ങാതെ അറിയിച്ചുകൊണ്ടിരുന്ന കോ-പിജീസ്, ഓൺലൈൻ ക്ലാസ് മുടക്കരുതെന്ന് ഉപദേശിച്ച് പുസ്തകങ്ങളയച്ച് തന്ന സീനിയേഴ്സ്, അച്ഛനും അമ്മയും അകലെയായതിന്റെ എല്ലാ കുറവും നികത്തിയ വീണാന്റിം മഹാദേവനങ്കിളും, വരക്കാൻ തോന്നണൂന്ന് പറഞ്ഞപ്പോ രാത്രിക്ക് രാത്രി കളർ പേന കൊണ്ട്ത്തന്ന വിസാസോ, അനിയത്തീന്ന് വിളിച്ച് ഇഷ്ടം തന്ന ആനന്ദേട്ടൻ, എന്റെ മാത്രം ഇടങ്ങളായി മാറിയ ഉമ്മയും അമ്മൂസും വാലു ബ്രോയും, പിന്നെ മുഖം പോലും കാണാനാകാതെ പോയ കുറേ നഴ്സ്മാരും മറ്റ് സ്റ്റാഫ് അംഗങ്ങളും...

ദൂരെ നിന്ന് ചേർത്ത് പിടിച്ചത് ഒരുപാടൊരുപാട് പേരാണ്. സ്വാബ് നെഗറ്റീവായി വാർഡിൽ നിന്നിറങ്ങുന്നത് വരെയും അതിന് ശേഷവും കൂട്ടിരുന്നവർ ...

കോവിഡ് ഡ്യൂട്ടിക്കിടയിൽ വാർഡിൽ കണ്ടിട്ടുള്ളത് അധികവും ഒറ്റപ്പെടലിന്റെ മുഖങ്ങൾ ആണ്. നാട്ടുകാർ മാറ്റി നിർത്തുന്നെന്നും ജോലി പോയെന്നുമൊക്കെ പറഞ്ഞ് വിങ്ങിപ്പൊട്ടിയവരിൽ ആരോഗ്യ പ്രവർത്തകരുമുണ്ട്. വീട്ടിൽ കുറേ നോട്ടങ്ങൾക്കുള്ളിൽ പെട്ട് ശ്വാസം മുട്ടുന്നവർ അതിലേറെയുണ്ടാകും.

കൗൺസിലിംഗിൽ രോഗിയോട് സംസാരിക്കുന്നത് മുഖം കൊണ്ട് കൂടിയാണെന്ന് കേട്ടിട്ടുണ്ട്. കോവിഡ് വാർഡിലാകുമ്പോൾ ഗോഗിൾസിനും ഫെയ്സ് ഷീൽഡിനുമുള്ളിൽ പറ്റിക്കൂടുന്ന വിയർപ്പിനിടയിലൂടെ കണ്ണ് കൊണ്ട് കൂടി ചിരിക്കാൻ പഠിക്കണമെന്നാണ് ക്ലാസിൽ സാർ പഠിപ്പിച്ചിട്ടുള്ളത്.

അടുത്ത തവണ PPE ധരിക്കുമ്പോൾ പ്രതീക്ഷകളെപ്പറ്റി എനിക്ക് കുറച്ച് കൂടി വ്യക്തതയോടെ സംസാരിക്കാൻ പറ്റും. ആരെയും രോഗം ബാധിക്കാമെന്നും അതൊരു വ്യക്തിയുടെയും തെറ്റല്ലെന്നും ഉറപ്പിച്ച് തന്നെ പറയാൻ പറ്റും.

ദൂരെയിരുന്ന് ആരൊക്കെയോ ചേർത്ത് വക്കുന്ന കുഞ്ഞ് കരുതലുകളുടെ കഥ പറയുമ്പോൾ അതിന്റെ അവസാനം തൊട്ടപ്പുറത്തെ മുറിയിൽ അഡ്മിറ്റായിരുന്ന ചേച്ചി ബാൽക്കണിയിൽ നിന്ന് താഴെയാരോടോ വിളിച്ച് പറഞ്ഞത് കൂടി ചേർക്കണം. "ഇവിടാരും ഒറ്റക്കല്ലെടോ. ഒരു നാട് മുഴുവൻ കൂടെയുണ്ട്"